(www.panoornews.in)റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹെൽമറ്റ് ധരിക്കുന്നതിൽ മാത്രമല്ല, അത് ശരിയായ രീതിയിൽ സ്ട്രാപ്പ് കെട്ടുന്നതിലും ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി തലശ്ശേരി ട്രാഫിക് പൊലീസ് രംഗത്ത്. ഹെൽമറ്റ് വെറും തലയിൽ വയ്ക്കുന്നതുകൊണ്ട് മാത്രം സുരക്ഷ ഉറപ്പാകില്ലെന്നും, സ്ട്രാപ്പ് ഇടാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ട്രാഫിക് എസ്.ഐ എസ്.ആർ. സൂരജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി പേരാണ് സ്ട്രാപ്പ് ഇടാതെയോ, ശരിയായി കെട്ടാതെയോ ഹെൽമറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇവർക്കെല്ലാം ശക്തമായ ബോധവത്കരണവും മുന്നറിയിപ്പും നൽകി.
“ഹെൽമറ്റ് ധരിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, ജീവൻ രക്ഷിക്കുന്ന സുരക്ഷാ നടപടി കൂടിയാണ്. അതിനാൽ സ്ട്രാപ്പ് നിർബന്ധമായും ശരിയായി കെട്ടണം,” എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇപ്പോഴത്തെ ഘട്ടത്തിൽ ബോധവത്കരണമാണ് പ്രധാന ലക്ഷ്യമെങ്കിലും, വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന ആഹ്വാനവും അധികൃതർ നടത്തി
It's not enough to just wear a helmet, you have to strap it properly; Thalassery Traffic Police is raising awareness, fines will be imposed from the next day









































