---
title: "ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിന് സമീപം വൻ മണ്ണിടിച്ചിൽ ; വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക"
english_title: "Chokli College Landslide Kodiyeri Balakrishnan Govt College Safety Concern"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376582/chokli-college-landslide-kodiyeri-balakrishnan-govt-college-safety-concern"
published_at: "2026-08-04T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b0d85c23e_chokli-college-landslide-students-safety-concern.jpg"
keywords: ["Chokli", "Landslide", "Kodiyeri Balakrishnan College", "Heavy Rain"]
---

# ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിന് സമീപം വൻ മണ്ണിടിച്ചിൽ ; വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക

> **Lead Summary:** ചൊക്ലി: കനത്ത മഴയെ തുടർന്ന് ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജിന് സമീപം വൻ മണ്ണിടിച്ചിൽ. കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്കുള്ള പ്രധാന പ്രവേശന വഴിയിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെയും കോളേജ് കെട്ടിടത്തിന്റെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.

## Article Content

ചൊക്ലി: കനത്ത മഴയെ തുടർന്ന് ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജിന് സമീപം വൻ മണ്ണിടിച്ചിൽ. കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്കുള്ള പ്രധാന പ്രവേശന വഴിയിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെയും കോളേജ് കെട്ടിടത്തിന്റെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.

തുടർച്ചയായ ശക്തമായ മഴയെ തുടർന്ന് മണ്ണ് കൂടുതൽ ഇളകിയ നിലയിലായതിനാൽ ഇനിയും വലിയ തോതിൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതുമൂലം ഹോസ്റ്റലിലേക്കുള്ള യാത്രയും അപകടകരമായ സാഹചര്യത്തിലാണ്.

സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് കോളേജ് അധികൃതർ പരാതി നൽകി. പ്രദേശത്ത് അടിയന്തര പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള സ്ഥിരം പരിഹാരങ്ങൾ നടപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ജീവനും സ്വത്തിനും ഭീഷണിയാകാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് അപകടസാധ്യത വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376582/chokli-college-landslide-kodiyeri-balakrishnan-govt-college-safety-concern)