---
title: "പഠിക്കാന്‍ മിടുക്കി, പ്രണയ വിവാഹത്തോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു ; പരിയാരം സ്വദേശിനി എമിൽഡയുടെ മരണത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കേസ്"
english_title: "Chalakudy Emilda Suicide Husband Afsal Arrested Dowry Harassment Abetment Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386679/chalakudy-emilda-suicide-case-husband-afsal-dowry-harassment-fir"
published_at: "2026-10-12T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc7c70f1438_Untitled-4_copy.jpg"
keywords: []
---

# പഠിക്കാന്‍ മിടുക്കി, പ്രണയ വിവാഹത്തോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു ; പരിയാരം സ്വദേശിനി എമിൽഡയുടെ മരണത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കേസ്

> **Lead Summary:** ചാലക്കുടിയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണക്കുറ്റവും ഗാർഹിക പീഡനവും ചുമത്തിയാണ് പ്രതി അഫ്സലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

ചാലക്കുടിയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണക്കുറ്റവും ഗാർഹിക പീഡനവും ചുമത്തിയാണ് പ്രതി അഫ്സലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഈ മാസം ആറിനാണ് പരിയാരം സ്വദേശി എമിൽഡയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐസിഎസ്ഇ സ്കൂളിൽ പഠിച്ചിരുന്ന എമിൽഡ പഠിക്കാൻ മിടുക്കിയായിരുന്നു; കുടുംബത്തിലെ ഏകമകളും. പഠിക്കുന്ന കാലത്താണ് അഫ്സലിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള എമിൽഡയുടെ കുടുംബം ഇതരമതസ്ഥനായ അഫ്സലുമായുള്ള ബന്ധം അംഗീകരിക്കാൻ തയാറായിരുന്നില്ല. വേർപിരിയാൻ പറ്റാത്ത സാഹചര്യത്തിൽ എമിൽഡ അഫ്സലിനൊപ്പം പോവുകയായിരുന്നു. വൈകാതെ ഇവർക്കു കുഞ്ഞ് ജനിച്ചു. അഫ്സലിന്റെ കുടുംബത്തോടൊപ്പമായിരുന്നു എമിൽഡയും കുഞ്ഞും താമസിച്ചത്.

ഇതിനിടെ ഇരുവർക്കുമിടയിൽ പല പ്രശ്നങ്ങളും ഉണ്ടായി. എമിൽഡയുടെ സ്വത്തിൽ കണ്ണുവച്ച അഫ്സൽ സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും ഉപദ്രവം തുടങ്ങി. വീട്ടിൽ പോയി പണം കൊണ്ടുവരാനായി അഫ്സൽ നിരന്തരം ആവശ്യപ്പെടുകയും ഇതിന്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തു.

ഇരുകുടുംബങ്ങളുടെയും പിന്തുണയില്ലാതിരുന്ന എമിൽഡ തീർത്തും ഒറ്റപ്പെട്ടു. ജീവിക്കാനുള്ള പണം കണ്ടെത്താൻ കൂലിപ്പണിക്കു പോകേണ്ട അവസ്ഥയിലായ എമിൽഡ നിർമാണജോലി ഉൾപ്പെടെ ചെയ്തിരുന്നു. പലതവണ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചെങ്കിലും എമിൽഡയുടെ കുടുംബം സ്വീകരിക്കാൻ തയാറായില്ലെന്നാണ് വിവരം.

English Summary: In the Chalakudy case where young mother Emilda was found hanging at her husband's house, police have booked her husband Afsal for abetment of suicide and domestic harassment. Emilda, only daughter from Pariyaram, had eloped with Afsal of Potta after family opposed the interfaith relationship. The couple had a one-year-old child. Allegedly Afsal tortured her for dowry and property, asking her to bring money from her house. Isolated without family support, she had to do wage labor including construction work. She sent a WhatsApp message to a friend before taking the extreme step in front of her baby and died during treatment at a private hospital in Karukutty.

പ്രണയത്തിൽ വിശ്വസിച്ച് ഇറങ്ങിവന്ന എമിൽഡ അങ്ങേയറ്റത്തെ മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോയത്. സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച ശേഷമാണ് എമിൽഡ ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയത്. ഒരു വയസ്സുള്ള കുഞ്ഞിന്റെ മുന്നിൽവച്ചാണ് അഫ്സലിന്റെ വീട്ടിലെ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

മകളുടെ മരണശേഷവും പൊലീസിൽ പരാതി നൽകാനോ മാധ്യമങ്ങളോട് സംസാരിക്കാനോ എമിൽഡയുടെ കുടുംബം തയാറായിട്ടില്ല. പരിയാരം സ്വദേശിനിയാണ് എമിൽഡ. പോട്ട സ്വദേശിയാണ് അഫ്സൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386679/chalakudy-emilda-suicide-case-husband-afsal-dowry-harassment-fir)