---
title: "അവനികയ്ക്കും പാർത്ഥിപിനും സംഭവിച്ചതെന്ത്..? ;  ചേമഞ്ചേരിയിൽ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹത"
english_title: "Chemanchery Train Accident Students Killed Avanika Class 9 Parthib Plus Two Thiruvangoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386688/chemanchery-railway-track-two-students-dead-avanika-parthib-thiruvangoor-mystery"
published_at: "2026-10-12T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc873416926_chemanchery-railway-track-two-students-dead-avanika-parthib-thiruvangoor-mystery.jpg"
keywords: []
---

# അവനികയ്ക്കും പാർത്ഥിപിനും സംഭവിച്ചതെന്ത്..? ;  ചേമഞ്ചേരിയിൽ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹത

> **Lead Summary:** ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഞായറാഴ്ച വൈകുന്നേരം ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം മംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് വിദ്യാർഥികൾ മരിച്ചത്.

## Article Content

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഞായറാഴ്ച വൈകുന്നേരം ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം മംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് വിദ്യാർഥികൾ മരിച്ചത്.

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനികയും അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പാർത്ഥിബുമാണ് മരിച്ചത്.

ദേശീയപാതയോട് ചേർന്ന് റെയിൽവേ ട്രാക്ക് കടന്നുപോകുന്ന ഭാഗത്താണ് സംഭവം നടന്നത്. സമീപത്ത് വീടുകളില്ലാത്ത പ്രദേശമാണിത്. ട്രെയിൻ കടന്നുപോയതിനുശേഷം ട്രാക്കിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നതിനാൽ മരിച്ചവർ ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. രാത്രി ഏറെ വൈകിയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.

തിരുവങ്ങൂർ വികാസ് നോർത്ത് പാണകുളംകുനിയിൽ സുരേഷിന്റെയും റീനയുടെയും മകളാണ് അവനിക. തിരുവങ്ങൂർ കോയിപ്പറമ്പത്ത് സുബിഷിന്റെയും സുനിഷയുടെയും മകനാണ് പാർത്ഥിബ്.

കഴിഞ്ഞ വർഷം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ പാർത്ഥിബ് തുടർപഠനത്തിനായാണ് അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറിയത്. ഇരുവരും നേരത്തെ പരിചയമുള്ളവരായിരുന്നു. ഒരുമിച്ചെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നതായും വിവരമുണ്ട്.

ഞായറാഴ്ച ഇരുവരും ഒരുമിച്ച് ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലെത്തി ഇരുന്നിരുന്നതായി ചില യാത്രക്കാർ പറഞ്ഞിട്ടുണ്ട്. പിന്നീട് ഇരുവരും റെയിൽവേ ട്രാക്കിലേക്ക് എത്തിയതായാണ് വിവരം. എന്നാൽ, ഇവർ എന്തിനാണ് ട്രാക്കിലേക്ക് പോയതെന്നോ അപകടം സംഭവിക്കാനിടയായ സാഹചര്യം എന്താണെന്നോ വ്യക്തമായിട്ടില്ല.

പതിവ് യാത്രാമാർഗമല്ലാത്ത ഭാഗത്താണ് വിദ്യാർഥികളെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയതെന്ന വിവരവും സംഭവത്തിൽ സംശയങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386688/chemanchery-railway-track-two-students-dead-avanika-parthib-thiruvangoor-mystery)