കണ്ണൂർ :കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക്ക് ട്രാക്കും മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും ഉൾപ്പെടെ കേരള പോലീസിന്റെ വിവിധ പദ്ധതികൾ ആഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മയ്യിൽ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഉൾപ്പെടും. ഇടുക്കി, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, കാസർഗോഡ് എന്നീ ജില്ലകളിലെ പോലീസിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടക്കും.
ആഗസ്റ്റ് 12ന് ഉച്ച 3.30ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. എംഎൽഎമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.വി സുമേഷ് എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, എഡിജിപി എച്ച് വെങ്കിടേഷ്, നോർത്ത് സോൺ ഐ ജി രാജ്പാൽ മീണ, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര എന്നിവർ പങ്കെടുക്കും.
കേരള പൊലീസ് സ്‌പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ സ്‌കീമിന് കീഴിലാണ് കണ്ണൂർ നഗരത്തിലെ പോലീസ് പരേഡ് ഗ്രൗണ്ടിലും ജില്ലാ പോലീസ് ആസ്ഥാനത്തും കായിക അടിസ്ഥാന സൗകര്യ വികസനം യാഥാർത്ഥ്യമാക്കിയത്.

പോലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക്, കം ഫുട്‌ബോൾ കോർട്ട്,വിവിധ ഇൻഡോർ കായിക വിനോദങ്ങൾക്കും ശാരീരിക പരിശീലന പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ട് എന്നിവ കായിക പ്രേമികളെ ആകർഷിക്കും. ഇതോടൊപ്പം, ജില്ലാ പോലീസ് ആസ്ഥാനത്തെ ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാളും പൂർത്തിയായി. സിന്തറ്റിക്ക് ട്രാക്ക്, മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ട്, ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാൾ എന്നീ മൂന്ന് പദ്ധതികളുടെ പൂർത്തീകരണത്തിനായി ആകെ 10.17 കോടി രൂപയാണ് ചെലവിട്ടത്.
മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായി മയ്യിൽ - കാഞ്ഞിരോട് റോഡിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം പോലീസിന് കൈമാറിയ 51 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 308 ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഒറ്റ നിലയിലാണ് ആദ്യഘട്ട നിർമ്മാണം. ഇതിൽ റിസപ്ഷൻ, പി.ആർ.ഒ, എസ്.എച്ച്.ഒ മുറി, റൈറ്റർ റൂം, റെക്കാർഡ് റൂം, ജനമൈത്രി ഹാൾ, നിരീക്ഷണ ക്യാമറ, കൺട്രോൾ റൂം, ശുചിമുറിയടക്കമുള്ള രണ്ട് ലോക്കപ്പ് മുറികൾ, സബ് ഇൻസ്‌പെക്ടർ, എസ്.എച്ച്.ഒ എന്നിവർക്കുള്ള മുറികൾ, വരാന്ത, പോർച്ച് എന്നിവ നിർമ്മിക്കും. ലിഫ്റ്റ് സൗകര്യത്തിനുള്ള ഇടവും ഒരുക്കും. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് ബേസ്‌മെന്റ് രീതിയിൽ 120 ചതുരശ്ര അടിയിൽ പാർക്കിംഗ് സൗകര്യവും ഇതിനോട് ചേർന്നുണ്ടാകും. 2024 -2025 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
Chief Minister to dedicate Kannur's synthetic track and various police projects to the nation on the 12th












































.jpeg)