(www.panoornews.in)ട്രെയിൻ യാത്രക്കിടെ നടന്ന 1.25 കോടി വിലമതിക്കുന്ന സ്വർണ്ണവും വജ്രാഭരണങ്ങളും മോഷ്ടിച്ച കേസുകൾ അതിവേഗം തെളിയിച്ച് മുഴുവൻ സ്വത്തും വീണ്ടെടുത്ത അന്വേഷണത്തിന് നേതൃത്വം നൽകിയ ആർ.പി.എഫ് കണ്ണൂർ എസ്.സി.പി.ഒ ബിബിൻ മാത്യുവിന് റെയിൽവേ പൊലീസിന്റെ പ്രശംസാപത്രം.
കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 588/2025-ഉം ഷോർണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 555/2025-ഉം ഉൾപ്പെടുന്ന കേസുകളിലാണ് ബിബിൻ മാത്യു ശ്രദ്ധേയമായ അന്വേഷണ നേട്ടം കൈവരിച്ചത്. ട്രെയിൻ നമ്പർ 12601-ൽ യാത്രക്കിടെയാണ് സ്വർണ്ണ – വജ്രാഭരണ മോഷണം നടന്നത്.
വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ ഏകോപിതമായ അന്വേഷണം, സി.സി.ടി.വി ദൃശ്യങ്ങളുടെ വിശദമായ വിശകലനം, കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾ എന്നിവയിലൂടെ കുറ്റകൃത്യം നടന്നതിന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചു. മോഷ്ടിക്കപ്പെട്ട മുഴുവൻ ആഭരണങ്ങളും പിന്നീട് വീണ്ടെടുത്തു.
അന്തർസംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന സംഘത്തെ പിടികൂടിയത് റെയിൽവേ പൊലീസിന്റെ അന്വേഷണ മികവും പ്രവർത്തനക്ഷമതയും വ്യക്തമാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു. ട്രെയിനിൽ ടി.ടി.ഇയുടെ ബാഗ് കവർന്ന കേസിൽ പ്രതിയെ പിടികൂടിയതും ബിബിൻ മാത്യുവിൻ്റെ നേതൃത്വത്തിലാണ്. തലശേരിക്കും - കണ്ണൂരിനും ഇടയിലാണ് ടി.ടി.ഇ ക്ക് ബാഗ് നഷ്ടമായത്. ഇതോടെ പൊതുജനങ്ങളുടെ വിശ്വാസം വർധിച്ചതോടൊപ്പം റെയിൽവേ യാത്രക്കാരുടെ സുരക്ഷയും കൂടുതൽ ശക്തമായതായി വിലയിരുത്തുന്നു.
മാതൃകാപരമായ സേവനവും പ്രൊഫഷണൽ സമീപനവും കണക്കിലെടുത്താണ് ഷഹാൻഷാ കെ.എസ്. ഐ.പി.എസ് ബിബിൻ മാത്യുവിന് പ്രശംസാപത്രം സമ്മാനിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. തലശേരി പുന്നോൽ സ്വദേശിയാണ് ബിബിൻ. ഭാര്യ ഡെയ്നി. പുന്നോൽ മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികളായ ജെനേലിയ, ജോവിനോ എന്നിവർ മക്കളാണ്.
Railway Police commends Bibin Mathew, a native of Thalassery, for his exceptional investigative skills in train theft investigations










































.jpeg)