#Insight #Panoor #Join central and state forces #Appointments
പാനൂർ:(www.panoornews.in)രാഷ്ട്രീയ അക്രമങ്ങളുടെ പേരിൽ ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്ന പാനൂരിൽ ഇന്ന് പ്രതീക്ഷയുടെയും പുരോഗതിയുടെയും പുതിയ ചരിത്രം രചിക്കുകയാണ് ഇൻസൈറ്റ് പരിശീലന പദ്ധതി. യുവതലമുറയെ സർക്കാർ സർവീസുകളിലേക്കും സുരക്ഷാ സേനകളിലേക്കും കൈപിടിച്ചുയർത്തുന്ന പാനൂർ പൊലീസിൻ്റെ ഈ പദ്ധതിയിലൂടെ കേന്ദ്ര-സംസ്ഥാന സേനകളുടെ ഭാഗമായി ഏഴ് പേർ കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇൻസൈറ്റിലൂടെ ജോലി നേടിയവരുടെ എണ്ണം 112 ആയി.
"ഒരു വീട്ടിൽ ഒരു സർക്കാർ ജോലി" എന്ന മഹത്തായ ലക്ഷ്യവുമായി ആരംഭിച്ച ഇൻസൈറ്റ് പദ്ധതി ഇന്ന് പാനൂരിന്റെ അഭിമാന പദ്ധതിയായി മാറിയിരിക്കുകയാണ്. യുവാക്കളെ ശരിയായ ദിശയിലേക്ക് നയിച്ച് തൊഴിൽസുരക്ഷയും ആത്മവിശ്വാസവും നൽകാൻ കഴിഞ്ഞതിന്റെ തെളിവാണ് ഈ നേട്ടങ്ങൾ.
നിലവിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായും, 2018-ൽ പാനൂർ സർക്കിൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചിരുന്ന വി.വി. ബെന്നിയുടെ നേതൃത്വത്തിലാണ് ഇൻസൈറ്റ് പദ്ധതിക്ക് തുടക്കമായത്. സമൂഹത്തിൽ മാറ്റം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭം ഏഴര വർഷങ്ങൾക്കിപ്പുറം നൂറിലധികം കുടുംബങ്ങളുടെ ജീവിതത്തിൽ വെളിച്ചമായി മാറി.
കേന്ദ്ര-സംസ്ഥാന പൊലീസ് സേനകൾ, സായുധ സേനകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയിലായി ഇതിനകം 112 പേർ ജോലി നേടിയിട്ടുണ്ട്. നിരവധി പേർ വിവിധ പരീക്ഷകളിലും തിരഞ്ഞെടുപ്പ് നടപടികളിലും വിജയിച്ച് നിയമനത്തിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികൾ ഇൻസൈറ്റിൻ്റെ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തും ജോലി നേടിയിട്ടുണ്ട്. ഓരോ വിജയവും ഇൻസൈറ്റിന്റെ പ്രവർത്തന മികവിനും പരിശീലന നിലവാരത്തിനും ലഭിക്കുന്ന അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.



വിരമിച്ച കായികാധ്യാപകരും സാമൂഹ്യ പ്രവർത്തകരും വിവിധ സാംസ്കാരിക സംഘടനകളും കൈകോർത്തതോടെയാണ് പദ്ധതി കൂടുതൽ ശക്തമായത്. ശാരീരികക്ഷമതാ പരിശീലനം, എഴുത്തുപരീക്ഷാ പരിശീലനം, വ്യക്തിത്വ വികസനം, അഭിമുഖ പരിശീലനം തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധരുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി.
ആദ്യഘട്ടത്തിൽ പാനൂർ, ചൊക്ലി, കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയിരുന്നത്. എന്നാൽ പദ്ധതിയുടെ വിജയവും ജനപ്രീതിയും വർധിച്ചതോടെ സമീപ പ്രദേശങ്ങളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഇൻസൈറ്റിന്റെ ഭാഗമാകാൻ എത്തിത്തുടങ്ങി. അവധിക്കാലങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ച് കായികക്ഷമതയും അച്ചടക്കബോധവും വളർത്തുന്നതിനും പദ്ധതി പ്രാധാന്യം നൽകി.
രാഷ്ട്രീയ സംഘർഷങ്ങളുടെ നിഴലിൽ നിന്ന് വിദ്യാഭ്യാസത്തിന്റെയും തൊഴിൽസാധ്യതകളുടെയും വെളിച്ചത്തിലേക്ക് ഒരു നാടിനെ നയിക്കാൻ കഴിഞ്ഞ മാതൃകാപരമായ സംരംഭമായാണ് ഇൻസൈറ്റിനെ സമൂഹം വിലയിരുത്തുന്നത്. യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകേകുകയും കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭാവി സമ്മാനിക്കുകയും ചെയ്ത ഇൻസൈറ്റ്, പാനൂരിന്റെ സാമൂഹിക മാറ്റത്തിന്റെ ശക്തമായ പ്രതീകമായി മാറിക്കഴിഞ്ഞു. 112 സർക്കാർ ഉദ്യോഗസ്ഥരെ സമൂഹത്തിന് സമ്മാനിച്ച ഈ പദ്ധതി ഇനി കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പരിശീലനം നൽകുന്ന പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ചേർന്ന അനുമോദന യോഗം പി.കെ പ്രവീൺ എം. എൽ. എ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ എം. എൽഎ ക്ക് സ്വീകരണവും നൽകി. പദ്ധതി ആഭ്യന്തരവകുപ്പിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് എം.എൽ എ പറഞ്ഞു
പറഞ്ഞു
പാനൂർ പൊലീസ് ഇൻസ്പെക്ടർ പി.കെ.ജിതേഷ് അധ്യക്ഷനായി ഇൻസൈറ്റ് കോഓർഡിനേറ്റർ ഇ . സുരേഷ് ബാബു, റിട്ട. എസ് ഐ പി ദേവദാസ് ,എസ്.ഐ സുനിൽകുമാർ വിരമിച്ച കായികാധ്യാപകരായ വി.കെ മോഹൻദാസ് ,കെ രാജീവൻ ,കെ.മുകുന്ദൻ, പി.പി ജയപ്രകാശ് കരാട്ടെ പരിശീലകൻ എം. പ്രവീൺ കുമാർ എം.പി.ജിതേഷ് കെ. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു സർവീസിലേക്ക് പ്രവേശനം ലഭിച്ച ആകർഷ് കെ. ജിൻസി , എ . അശ്വന്ത്, പി.വി. സൻജയ് , എച്ച് ആനന്ദ് കൃഷ്ണ, ഇ സൻഗീത് , ഋതിക് കൃഷ്ണ എന്നിവർ മറുപടി പ്രസംഗം നടത്തി
Content Highlight: Literally Panur's 'Insight..!'; 7 more people to join central and state forces, total appointments 112
#Insight #Panoor #Join central and state forces #Appointments















































