#pariyaram medical college #Kannur #Treatmen #Collector Vishnu Raj
കണ്ണൂർ: ഇരുകാലുകളിലും ഗുരുതരമായ വ്രണബാധയേറ്റ് വർഷങ്ങളായി ദുരിതജീവിതം നയിച്ച കണ്ണപുരം സ്വദേശി ശ്രീനിവാസൻ പറമ്പത്ത് (56) ഒടുവിൽ ചികിത്സയുടെ കരുതലിലേക്ക്.
പത്ത് വർഷത്തിലേറെയായി കുടുംബത്തിൽ നിന്ന് അകന്നു കഴിയുന്ന ശ്രീനിവാസൻ നേരത്തെ വിവിധ സന്നദ്ധ സ്ഥാപനങ്ങളിൽ താമസിച്ചിരുന്നു. എന്നാൽ കാലിലെ ഗുരുതരമായ വ്രണത്തിന് ആവശ്യമായ ചികിത്സാ സൗകര്യം ഇല്ലാത്തതിനാൽ അവിടെ നിന്ന് മടങ്ങേണ്ടി വന്നു. പിന്നീട് കടവരാന്തകളും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും ആയിരുന്നു അദ്ദേഹത്തിന്റെ അഭയകേന്ദ്രം.
രണ്ടു ദിവസം മുൻപ് കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റി അംഗവും ആശാ പ്രവർത്തകയുമായ *ശകുന്തള*യാണ് ശ്രീനിവാസനെ കണ്ടെത്തി സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് ഗ്രൂപ്പ് പ്രസിഡന്റും പോലീസ് ഉദ്യോഗസ്ഥനുമായ രാജേഷ് തളിയിൽ, സെക്രട്ടറി അബുജാക്ഷൻ, പ്രവർത്തകരായ പുരുഷോത്തമൻ, ഉമേഷ്, സലാം പള്ളിച്ചാൽ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സാജിത ഹാരിസ്, ഷക്കീല അഷ്റഫ് എന്നിവരും സഹായത്തിനെത്തി.



ഗുരുതരമായ വ്രണത്തിന് ചികിത്സ നൽകാനുള്ള സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സ്ഥാപനങ്ങൾ അദ്ദേഹത്തെ ഏറ്റെടുക്കാൻ വിസമ്മതിച്ചു.
ഇതോടെ പ്രവർത്തകർ ജില്ലാ കളക്ടർ വിഷ്ണുരാജിനെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ കളക്ടർ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേകുമാറുമായി ബന്ധപ്പെട്ടു.
പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. മാധവന്റെ സഹകരണത്തോടെ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ആരംഭിച്ചു.
Content Highlight: Kannur Man with Severe Wound Admitted to Pariyaram Medical College After Years on Streets
#pariyaram medical college #Kannur #Treatmen #Collector Vishnu Raj














































