നാദാപുരം: റെയിൽവേ സ്റ്റേഷനിൽ സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം.
കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് അപകടം സംഭവിച്ചത്. തലശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് അഭിനവ് മരിച്ചത്.
അഭിനവിനൊപ്പം മറ്റ് മൂന്ന് കുട്ടികൾ കൂടിയുണ്ടായിരുന്നു. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുത്ത് കളിക്കുന്നതിനിടെ ട്രെയിൻ വരുന്നതിലേക്ക് അഭിനവ് നീങ്ങുകയായിരുന്നു. അതിവേഗത്തിലെത്തിയ ഗുഡ്സ് ട്രെയിൻ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയുമായിരുന്നു.
അപകടവിവരമറിഞ്ഞ് ഉടൻ ചോമ്പാല പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
റെയിൽവേ ട്രാക്കിനോട് ചേർന്ന് ഫോട്ടോ എടുക്കുന്നതിനും നിൽക്കുന്നതിനും വിലക്കുള്ളതാണെങ്കിലും വിദ്യാർഥികൾ അശ്രദ്ധ കാണിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു
Content Highlight: Plus Two Student Dies After Being Hit by Goods Train at Nadapuram Road Railway Station













































