(www.panoornews.in)തലശേരി മേഖലയിൽ പിടിമുറുക്കാനുള്ള ലഹരി മാഫിയയുടെ നീക്കം പൊളിച്ച് എക്സൈസ്. വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ
അടിസ്ഥാനത്തിൽ തലശ്ശേരി തിരുവങ്ങാട് വയലളത്തെ പവിത്രം വീട്ടിൽ എം.എൻ റിനിലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ലഹരിവസ്തുക്കൾ പിടികൂടിയത്. 135 ഗ്രാം കഞ്ചാവ്, 23 ഗ്രാം ഹാഷിഷ് ഓയിൽ 9 ഗ്രാം മെത്താംഫിറ്റമിൻ എന്നിവയും, ലഹരിവസ്തുക്കൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പോളിത്തീൻ കവറുകൾ, രാസലഹരി വസ്തുക്കൾ തൂക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, രാസലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ഫ്യൂമിംഗ് പൈപ്പുകൾ എന്നിവയും പിടിച്ചെടുത്തു. യുവാക്കളടക്കമുള്ളവർക്കാണ് വൻ വില ഈടാക്കി ലഹരി വസ്തുക്കൾ കൈമാറുന്നത്. ദിവസങ്ങളോളം വീടും പരിസരവും നിരീക്ഷിച്ച ശേഷമാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിബു കെ.സി. വനിത സിവിൽ എക്സൈസ് ഓഫീസർ എം.കെ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ പി.പ്രയേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വിപണിയിൽ
30,000 രൂപ വിലവരുന്ന മെത്താംഫിറ്റമിൻ, 25,000 രൂപ വില വരുന്ന ഹാഷിഷ് ഓയിൽ, 15,000 രൂപ വിലവരുന്ന കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. പ്രതിയുമായി ബന്ധമുള്ള ലഹരി സംഘത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.



തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlight: Excise foils move to trap Thalassery in 'drunkenness'; Deadly drugs seized from house in Illathu Thazayil, youth arrested














































