#Third grade student #Stray dog #Panoor #Attack #Narrowly Escapes
പാനൂർ:(www.panoornews.in)പാനൂരിനടുത്ത കൂറ്റേരിയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് മൂന്നാം ക്ലാസ് വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം പ്രദേശവാസികളിൽ ആശങ്കയുണർത്തി. ഇന്നലെ രാത്രി പള്ളിയിൽ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടി വീട്ടിൽ കയറാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം.
വീട്ടുമുറ്റത്ത് എത്തിയ കുട്ടിക്ക് നേരെ അപ്രതീക്ഷിതമായി തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ കുട്ടി അതിവേഗം ഓടി മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ നടന്ന സംഭവം വലിയ ദുരന്തമായി മാറാനിടയുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിക്ക് നേരെ അതിവേഗത്തിൽ നായകൾ പാഞ്ഞടുക്കുന്നതും കുട്ടി ഭയന്ന് ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ കാണുന്നവരിൽ ഞെട്ടലുണ്ടാക്കുന്നതാണ്. സാമൂഹിക മാധ്യമങ്ങളിലും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൂറ്റേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്കൂളുകളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികൾക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും തെരുവുനായകൾ ഭീഷണിയായി മാറിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.



ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Content Highlight: Third grade student narrowly escapes attack by stray dog in Panoor
#Third grade student #Stray dog #Panoor #Attack #Narrowly Escapes








































