#Chembad #Well collapsed #Heavy rain
ചമ്പാട്: (www.panoornews.in)ചമ്പാട് മാക്കുനിയിലെ എകരത്ത് കുനിയിൽ ശാന്തയുടെ വീട്ടുവളപ്പിലുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു. സമീപ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് കിണറിന്റെ ഭിത്തികൾ തകർന്നു താഴ്ന്നതെന്നാണ് വിവരം. കിണറിനോട് ചേർന്നുള്ള ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതോടെ കുളിമുറിയും അപകടാവസ്ഥയിലായി.
സംഭവത്തെ തുടർന്ന് വീട്ടുകാർ ആശങ്കയിലാണ്. കിണറിനും അനുബന്ധ നിർമാണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു. കൂടുതൽ മഴ ലഭിച്ചാൽ സ്ഥിതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.
വിവരമറിഞ്ഞ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ലീല ടീച്ചർ, നസീർ ഇടവലത്ത് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Content Highlight: Chambad house well collapses due to heavy rain; bathroom in danger
#Chembad #Well collapsed #Heavy rain






































