#Marriage Bureau #Consumer Court #Compensation #Wedding Bureau Fraud #Kannur
കണ്ണൂർ: പങ്കാളിയെ കിട്ടുമെന്ന പ്രതീക്ഷയിൽ വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്ത് 9 വർഷം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ച 40 കാരനായ കണ്ണൂർ സ്വദേശിക്ക് ഉപഭോക്തൃ കോടതി നീതി നൽകി.
2016-ലാണ് കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹ ബ്യൂറോയിൽ യുവാവ് 3000 രൂപ അടച്ച് രജിസ്റ്റർ ചെയ്തത്. കാസർകോട് പെൺകുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.
അർബുദ ബാധിതനായ യുവാവിന്‍റെ പിതാവിന് മകന്‍റെ വിവാഹം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പല ആലോചനകളും മുന്നോട്ടുവച്ചതിന് ശേഷം വിവാഹ ബ്യൂറോയുടെ ഭാഗത്ത് നിന്ന് മറുപടികളൊന്നും വരാതെ വന്നതോടെ യുവാവിന്‍റെ വിവാഹം നീണ്ടുപോവുകയായിരുന്നു. മകന്‍റെ വിവാഹം കാണണമെന്ന ആഗ്രഹം സാധിക്കാതെ യുവാവിന്‍റെ അച്ഛൻ കഴിഞ്ഞ വർഷം മരണപ്പെട്ടു.
രജിസ്റ്റർ ചെയ്ത പണം തിരികെ ആവശ്യപ്പെട്ട് യുവാവ് വിവാഹ ബ്യൂറോയെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ല. ഇതോടെയാണ് യുവാവ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.



യുവാവിന്‍റെ പരാതിയിൽ എതിർകക്ഷിയായ വിവാഹ ബ്യൂറോ അധികൃതർ ഹാജരാകാഞ്ഞ സാഹചര്യത്തിൽ പരാതിക്കാരന്‍റെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിധി പ്രസ്താവിച്ചു.
3000 രൂപ രജിസ്ട്രേഷൻ തുക, മാനസിക സമ്മർദ്ദം ഉണ്ടാക്കിയതിന് 3000 രൂപ, വ്യവഹാര ചെലവായി 2000 രൂപ എന്നിങ്ങനെ ആകെ 8000 രൂപ ജൂൺ 30-നകം നൽകാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.വിവാഹ ബ്യൂറോകളുടെ അനാസ്ഥയ്ക്കെതിരെ ഉപഭോക്താക്കൾക്ക് നീതി ലഭിച്ച സുപ്രധാന വിധിയായാണ് ഇതിനെ കാണുന്നത്.
Content Highlight: Kannur Man Gets Rs 8000 Compensation After 9-Year Wait at Marriage Bureau
#Marriage Bureau #Consumer Court #Compensation #Wedding Bureau Fraud #Kannur














































