പാനൂർ:(www.panoornews.in)പാനൂരിനടുത്ത പൂക്കോത്ത് ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം പ്രദേശത്തെയും സ്കൂളിനെയും ദുഃഖത്തിലാഴ്ത്തി. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിഭാഗം പ്ലസ് വൺ വിദ്യാർത്ഥിയായ അദ്വൈത് (16) ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്.
അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. ജ്യേഷ്ഠൻ മുങ്ങിപ്പോയത് അനുജൻ അറിഞ്ഞിരുന്നില്ല.
തിരച്ചിൽ നടത്തി അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാനൂർ ഫയർഫോഴ്സും എത്തിയിരുന്നു.
അദ്വൈതിന്റെ അപ്രതീക്ഷിത വേർപാടിന്റെ വാർത്ത അറിഞ്ഞതോടെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ദുഃഖാന്തരീക്ഷം പടർന്നു. സഹപാഠികളും അധ്യാപകരും കണ്ണീരോടെയാണ് വിദ്യാർത്ഥിയെ അനുസ്മരിച്ചത്. അദ്വൈതിന്റെ വിയോഗം എല്ലാവരെയും നടുക്കിയതായി അധ്യാപകർ പറഞ്ഞു.



അദ്വൈതിന്റെ മാതാവ് ദിവ്യ പെരിങ്ങളം വെറ്റിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റാണ്. പിതാവ് അനിൽ ചാലക്കുടി സ്വദേശിയാണ്. കാടാങ്കുനി യു.പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥി കാശിനാഥ് സഹോദരനാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും.
Content Highlight: Plus One Student Drowns in Pookom Temple Pond, Panur; School in Mourning






































