#V Kunhikrishnan MLA #Shed fire #Political attack #Kannur
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുകൂലിയുടെ ഷെഡിന് അജ്ഞാതർ തീയിട്ടു. ടി. പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിനോട് ചേർന്നുള്ള ഷെഡിനാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവത്തിൽ ഷെഡ് പൂർണമായും കത്തിനശിച്ചു.
രാത്രിയിലാണ് അജ്ഞാതർ എത്തി തീകൊളുത്തിയതെന്ന് നാട്ടുകാർ പറയുന്നു. തീപിടിത്തത്തെ തുടർന്ന് ഷെഡിന്റെ ജനലുകൾ ഉൾപ്പെടെ തെറിച്ചുപോയ നിലയിലാണ് കണ്ടെത്തിയത്.
ഷെഡിൽ സാധാരണ തീപിടുത്തമുണ്ടായതല്ലെന്നും സ്ഫോടനം നടന്നതായാണ് സംശയിക്കുന്നതെന്നും ടി. പുരുഷോത്തമൻ ആരോപിച്ചു. "സാധാരണ തീപിടിച്ചാൽ ഇതുപോലെ ജനൽ തെറിക്കില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് തുടർച്ചയായി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും പുരുഷോത്തമൻ പൊലീസിന് മൊഴി നൽകി. രാഷ്ട്രീയ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.



സംഭവത്തെ തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്. നാട്ടിൽ നിലവിൽ സംഘർഷാവസ്ഥയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Content Highlight: Payyannur Shed Set on Fire | MLA Supporter Alleges Conspiracy and Bomb Blast
#V Kunhikrishnan MLA #Shed fire #Political attack #Kannur














































