#Dog bite #Kannamvelli #Anti rabies vaccine #Panoor #Stray dog
പാനൂർ:(www.panoornews.in) പാനൂർ നഗരസഭയിലെ കണ്ണംവെള്ളി പ്രദേശത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷമായി. ഒറ്റദിവസം കൊണ്ട് നാല് പേർക്ക് നായയുടെ കടിയേറ്റ സംഭവം നാട്ടിൽ വലിയ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ആദ്യ ആക്രമണമുണ്ടായത്. കണ്ണംവെള്ളി തയ്യുള്ളതിൽ താമസിക്കുന്ന കരീം, കാടൻ്റവിട ജയൻ എന്നിവരെയാണ് നായ കടിച്ചത്. ഭിന്നശേഷിക്കാരനും കല്യാണി ഓയിൽ മിൽ തൊഴിലാളിയുമായ ജയന് മിൽ തുറക്കുന്നതിനിടെ പിന്നിൽ നിന്നാണ് നായ കടിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനായ കരീമിനെ കൈയ്ക്കാണ് കടിയേറ്റത്.
തൊട്ടുപിന്നാലെ താഴെ പൂക്കോം ഗ്രാമിക ഇൻഡസ്ട്രി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടുമായ എം.ആർ. വേണുവിനും മേലെ പൂക്കോം തെരുവോര കച്ചവടക്കാരൻ സജിത്തിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
പരിക്കേറ്റ നാലുപേരെയും ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എല്ലാവരുടെയും നില തൃപ്തികരമാണ്.കണ്ണംവെള്ളി പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.



കുട്ടികളും വയോധികരും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സ്ഥിതിയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുണ്ടെന്നും അവർ ആരോപിച്ചു.സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ കെ.കെ. വിജയൻ പാനൂർ നഗരസഭ അധികൃതർക്ക് പരാതി നൽകി.
അതേസമയം, നായ കടിയേറ്റവർക്ക് നൽകേണ്ട ആൻ്റി റേബീസ് വാക്സിൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ലഭ്യമല്ലെന്നതും പ്രശ്നമായിട്ടുണ്ട്. ചികിത്സയ്ക്കായി തലശ്ശേരി ജനറൽ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
പാനൂർ ആശുപത്രിയിൽ തന്നെ വാക്സിനും അനുബന്ധ ചികിത്സയും അടിയന്തരമായി ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlight: Panur Stray Dog Attack | 4 Injured Including Trader Leader in Kannamvelli
#Dog bite #Kannamvelli #Anti rabies vaccine #Panoor #Stray dog






































