#Thalassery #Koppalam #Bus shelter
(www.panoornews.in)യാത്രക്കാരുടെ ജീവനു ഭീഷണിയായി മാറിയിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ദയനീയാവസ്ഥ ട്രൂവിഷൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഒടുവിൽ നടപടി. തലശ്ശേരി–കോപ്പാലം റൂട്ടിലെ അപകടാവസ്ഥയിലായിരുന്ന കോപ്പാലം ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും, ലിമിറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഗികമായും പൊളിച്ചുനീക്കി. ഏറെ നാളായി പ്രദേശവാസികളും യാത്രക്കാരും ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
കാലവർഷം ശക്തമാകുകയും സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയും ഈ ഷെൽട്ടറുകൾ ഏത് നിമിഷവും തകർന്നുവീഴാമെന്ന ആശങ്കയിലായിരുന്നു യാത്രക്കാർ. പ്രത്യേകിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന ബസ് സ്റ്റോപ്പുകളായതിനാൽ ദുരന്തസാധ്യത വളരെ ഗൗരവമേറിയതാണെന്ന് ട്രൂവിഷൻ വാർത്തയിലൂടെചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടിമാക്കൂലിന് സമീപത്തെ ലിമിറ്റ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥയായിരുന്നു ഏറ്റവും ഗുരുതരമായിരുന്നത്. മാസങ്ങൾക്ക് മുമ്പ് വാഹനമിടിച്ച് പ്രധാന തൂൺ തകർന്നിട്ടും അറ്റകുറ്റപ്പണികളോ പൊളിച്ചുനീക്കലോ നടന്നിരുന്നില്ല. തകർന്ന തൂണിനെ ആശ്രയിച്ചായിരുന്നു മേൽക്കൂര നിലനിന്നിരുന്നത്. മഴയും കാറ്റും ശക്തമായാൽ ഷെൽട്ടർ ഇടിഞ്ഞുവീഴുമോയെന്ന ഭയത്തിലാണ് യാത്രക്കാർ ബസ് കാത്തുനിന്നിരുന്നത്.
മൂഴിക്കര ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തൂണുകളിലെ കോൺക്രീറ്റ് പൂർണമായും ദ്രവിച്ച് ഇരുമ്പ് കമ്പികൾ പുറത്തുകാണുന്ന നിലയിലായിരുന്നു. ബീമുകളിലും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. മഴക്കാലത്ത് നനവും വെള്ളക്കെട്ടും വർധിക്കുന്നതിനാൽ അപകടസാധ്യത കൂടുതൽ രൂക്ഷമാണെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.



കോപ്പാലം ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രവും സുരക്ഷിതമല്ലെന്ന പരാതിയുയർന്നിരുന്നു. മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞതും ഇരുമ്പ് ഘടനകൾ ജീർണിച്ചതും യാത്രക്കാരെ ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അടിയന്തരമായി പരിശോധിച്ച് പൊളിച്ചുനീക്കുകയോ പുതുക്കി പണിയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ തലശ്ശേരി നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിരുന്നു.
ഈ വിഷയത്തിൽ ട്രൂവിഷൻ വാർത്ത നൽകിയതിന് പിന്നാലെയാണ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചത്. കോപ്പാലം ബസ് കാത്തിരിപ്പ് കേന്ദ്രവവും ലിമിറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രവും ഭാഗികമായി പൊളിച്ചുനീക്കുകയായിരുന്നു.
അതേസമയം, അപകടഭീഷണി നിലനിൽക്കുന്ന മൂഴിക്കര ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ ഷെൽട്ടറും അടിയന്തരമായി പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
ദുരന്തസാധ്യത മുൻകൂട്ടി ചൂണ്ടിക്കാട്ടിയ വാർത്തയ്ക്ക് പിന്നാലെ അധികൃതർ നടപടിയെടുത്തത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക ഇടപെടലായാണ് നാട്ടുകാർ വിലയിരുത്തുന്നത്.
Content Highlight: two hazardous bus shelters on the Thalassery-Kopalam route have been demolished.
#Thalassery #Koppalam #Bus shelter








































