#Panur Municipality #Monthal Bridge #Beautification Project #LED Lights #Panur City
പാനൂർ: നഗരത്തിന്റെ മുഖച്ഛായ കൂടുതൽ ആകർഷകമാക്കുകയെന്ന ലക്ഷ്യത്തോടെ പാനൂർ നഗരസഭ നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി മോന്താൽ പാലം സമഗ്രമായി നവീകരിച്ച് പുതുമുഖം നേടി.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികൾ വൃത്തിയാക്കി പുതായി പെയിന്റ് ചെയ്തു. ഇതിനൊപ്പം ആധുനിക അലങ്കാര എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചതോടെ രാത്രികാലത്ത് പാലം കൂടുതൽ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
നഗരസഭ വിവിധ മേഖലകളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതികളുടെ ഭാഗമായാണ് മോന്താൽ പാലത്തിന്റെ നവീകരണം പൂർത്തിയാക്കിയത്.
വർഷങ്ങളുടെ പഴക്കത്തിൽ നിറംമങ്ങിയിരുന്ന കൈവരികൾ പുതുക്കുകയും പാലത്തിന്റെ ഇരുവശങ്ങളിലും ആകർഷകമായ അലങ്കാര വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തതോടെ പാലത്തിന്റെ മൊത്തിലുള്ള ഭംഗി വർധിച്ചു.



നഗരത്തിന്റെ പ്രധാന പ്രവേശന കേന്ദ്രങ്ങളിലൊന്നായ ഈ പാലത്തിന്റെ നവീകരണം പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടുന്നുണ്ട്.
പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക സഹായം സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ സഹകരണത്തിലൂടെയാണ് കണ്ടെത്തിയതെന്ന് നഗരസഭ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ അറിയിച്ചു.
പൊതുമേഖലയും സ്വകാര്യ മേഖലയും സഹകരിച്ച് നഗരത്തിന്റെ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനും കൂടുതൽ പദ്ധതികൾ നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അലങ്കാര ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ കുടത്തിൽ നൗഷത്ത് ടീച്ചർ നിർവഹിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന രീതിയിലുള്ള സൗന്ദര്യവൽക്കരണ പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും പൊതുസ്ഥലങ്ങൾ കൂടുതൽ വൃത്തിയുള്ളതും സുരക്ഷിതവും ആകർഷകവുമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
ചടങ്ങിൽ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
രാത്രികാലത്ത് പാലത്തിന് ലഭിച്ച പുതിയ ലൈറ്റിംഗ് സംവിധാനം യാത്രക്കാർക്കും വാഹനയാത്രികർക്കും കൂടുതൽ സുരക്ഷയും മികച്ച ദൃശ്യാനുഭവവും ഒരുക്കുമെന്നാണ് വിലയിരുത്തൽ.
Content Highlight: Monthal Bridge Renovation Completed in Panur: New LED Lights and Beautification by Municipality
#Panur Municipality #Monthal Bridge #Beautification Project #LED Lights #Panur City










































