#Pantakkal #Migrant Workers #Banned Tobacco #Excise Raid #Koppalam
കോപ്പാലം:(www.panoornews.in)പന്തക്കൽ കോപ്പാലം മേഖലയിൽ ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികളുടെ ശല്യം കാരണം പ്രദേശവാസികൾ ദുരിതത്തിൽ. മദ്യപിച്ചെത്തുന്നവർ ബസ് സ്റ്റോപ്പുകളും റോഡരികുകളും കൈയടക്കി മണിക്കൂറുകളോളം തമ്പടിക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മദ്യലഹരിയിലായ ഇവർ തമ്മിലുള്ള വാക്കുതർക്കങ്ങളും സംഘർഷങ്ങളും പതിവാണ്. പല സന്ദർഭങ്ങളിലും ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി ഇവരെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. അതേസമയം, പന്തക്കൽ പൊലീസ് ഇത്തരം മദ്യപാനികളെ അതിർത്തി കടത്തിവിട്ട് പ്രശ്നം ഒഴിവാക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം കോപ്പാലം, മാക്കുനി മേഖലകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന വീണ്ടും വ്യാപകമായതും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇത്തരം ലഹരി വസ്തുക്കൾ തേടിയെത്തുന്നവരുടെ എണ്ണവും കൂടിയതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയതിനെ തുടർന്ന് വിൽപ്പന ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവിധ പേരുകളിലും രൂപങ്ങളിലും ഇത്തരം ഉൽപ്പന്നങ്ങൾ വീണ്ടും കടകളിൽ സുലഭമാണെന്നാണ് ആരോപണം.



മദ്യപാനികളുടെ ശല്യത്തിനും നിരോധിത ലഹരി, ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കുമെതിരെ പൊലീസ്, എക്സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയും കർശന നടപടികളും അടിയന്തരമായി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlight: Koppalam Migrant Workers Alcohol Trouble: Residents Demand Strict Action in New Mahe
#Pantakkal #Migrant Workers #Banned Tobacco #Excise Raid #Koppalam














































