(www.panoornews.in)കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യ കണ്ണി അറസ്റ്റിൽ. കൊല്ലം നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരാൾ കൂടി അറസ്റ്റിലായത്. കൊല്ലം മങ്ങാട് സ്വദേശിനി ഹരിത (27) ആണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം മൂന്നായി. ഇന്നലെ കൊല്ലം വെസ്റ്റ് പൊലീസാണ് ഹരിതയെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് ഒമാനിൽ കഴിഞ്ഞ് എംഡിഎംഎ കച്ചവടത്തിന്‍റെ മുഖ്യ ഏജന്‍റായി പ്രവർത്തിക്കുകയായിരുന്നു ഹരിതയെന്നാണ് പൊലീസ് പറയുന്നത്. എൻജിനീയറിങ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ്. കഴിഞ്ഞ മാസം 24നാണ് വിപണിയിൽ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനെ കൊല്ലം സിറ്റി ഡാൻസാഫും കൊല്ലം വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
അഖിലിനെ ചോദ്യം ചെയ്തതിൽ കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണത്തിന്‍റെ മുഖ്യ ശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ കൊല്ലം എസിപി എസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയായിരുന്നു.


നഗരത്തിലെ രണ്ട് വിതരണക്കാർക്ക് നൽകുന്നതിന് വേണ്ടിയാണ് അഖിൽ എംഡിഎംഎ എത്തിച്ചത് എന്ന് മനസിലാക്കിയ പൊലീസ്, എംഡിഎംഎ വാങ്ങുന്നതിനായി അഖിലിനെ കാത്തുനിന്ന കല്ലുന്താഴം സ്വദേശി അവിനാഷിനെ അന്ന് വൈകിട്ട് തന്നെ പിടികൂടി.
അഖിലിനെ പിടികൂടിയത് അറിഞ്ഞു ഒളിവിൽ പോയ രണ്ടാമത്തെ വിതരണക്കാരനായ കൊല്ലം അമ്മച്ചി വീട് സ്വദേശി ശരത്തിനെ എംഡിഎംഎ കച്ചവടം നടത്തുന്നതിനിടയിൽ 12 ഗ്രാം എംഡിഎംഎ യുമായി കൊല്ലം സിറ്റി ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹരിതയിലേക്ക് പൊലീസ് എത്തുന്നത്.
Drug smuggling from Oman to Kerala; Engineer woman arrested













































