(www.panoornews.in)തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള കൗതുകകരമായ പന്തയത്തിനൊടുവിൽ വെട്ടം സ്വദേശി മുസ്തഫയുടെ തൊഴുത്തിലേക്ക് പുതിയൊരു അതിഥികൂടിയെത്തി.
സംസ്ഥാന ഭരണമാറ്റത്തെച്ചൊല്ലി സുഹൃത്തുക്കൾക്കിടയിൽ നടന്ന വാശിയേറിയ പന്തയത്തിൽ മുസ്തഫയ്ക്ക് ലഭിച്ചത് 16 ലിറ്റർ പാലു നൽകുന്ന കറവപ്പശുവാണ്.
മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നത്ത് മുസ്തഫയും സിപിഎം ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു ഈ അപൂർവ്വ പന്തയം.
ഇരുവരും ക്ഷീരകർഷകർ കൂടിയായതുകൊണ്ടാണ് കറവപ്പശുവിനെ തന്നെ പന്തയവസ്തുവായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന മഹേഷിന്റെ വാദവും ഭരണം മാറുമെന്ന മുസ്തഫയുടെ ഉറപ്പും തമ്മിലായിരുന്നു മത്സരം.


തന്റെ വാക്ക് തെറ്റിയാൽ തൊഴുത്തിലെ മികച്ച പശുക്കളിൽ ഒന്നിനെ നൽകാമെന്ന് മഹേഷ് ഉറപ്പുനൽകി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തന്റെ പ്രവചനം പിഴച്ചെന്ന് മനസ്സിലാക്കിയ മഹേഷ് ഒട്ടും വൈകാതെ തന്നെ മുസ്തഫയെ ഫോണിൽ വിളിച്ച് പശുവിനെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
വാക്ക് പാലിച്ച് മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയോട് ഇഷ്ടമുള്ള പശുവിനെ തിരഞ്ഞെടുക്കാൻ മഹേഷ് ആവശ്യപ്പെട്ടു. 70,000 രൂപയോളം വിലമതിക്കുന്ന നാലുവയസ്സുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്.
രാഷ്ട്രീയ വൈരത്തിനപ്പുറം പന്തയത്തിലെ വാക്ക് കൃത്യമായി പാലിച്ച മഹേഷിന്റെ നിലപാട് നാട്ടുകാർക്കിടയിലും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
Words are truth; CPM worker hands over a milch cow worth Rs 70,000 for losing a bet













































