പാനൂർ:(www.panoornews.in) നഗരസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാനൂർ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ വിഭാഗീയത പുകയുന്നത് കോൺഗ്രസിനും ആശങ്ക സൃഷ്ടിക്കുന്നു.. സീറ്റ് വിതരണത്തെച്ചൊല്ലി ആരംഭിച്ച തർക്കം ഇപ്പോൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണ ഭീഷണിയിലേക്കും, വിമത സ്ഥാനാർത്ഥിത്വത്തിലേക്കും നീങ്ങിയത് ലീഗ് നേതൃത്വത്തിനും അതിലുപരി കോൺഗ്രസിനും തലവേദനയാവുകയാണ്.
പ്രധാനമായും, പാനൂർ ടൗൺ ഒന്നാം വാർഡ്, വൈദ്യർപ്പീടിക നാലാം വാർഡ് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയാണ് നിലവിലെ പ്രതിസന്ധി. ലീഗ് ശാഖാ കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ച സ്ഥാനാർത്ഥിയെ തള്ളി മേൽക്കമ്മിറ്റി പുതിയൊരാളെ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ തവണ ഇതേരീതിയിൽ പ്രാദേശിക വികാരം മാനിക്കാതെ ഒന്നാം വാർഡിൽ മത്സരിപ്പിച്ച സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു എന്ന ചരിത്രവും നിലവിലെ ഭീഷണിക്ക് ആക്കം കൂട്ടുന്നു.
ടൗണിലെ നാൽപതിയൊന്നാം വാർഡിലും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാറ്റിനിർത്തുന്നതും, യുവാക്കളിൽ പ്രതിഷേധം ഉളവാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. തർക്കം രൂക്ഷമാവുകയാണെങ്കിൽ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തേക്കും.

ചില വ്യക്തികളുടെ വാശിയും താൽപ്പര്യങ്ങളും നടപ്പിലാക്കാനാണ് ശാഖാ കമ്മിറ്റികളുടെ താൽപ്പര്യങ്ങൾ ബലികഴിച്ചത് എന്നാണ് ലീഗ് അണികളുടെ പ്രധാന ആരോപണം.
പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തരായ വിമത സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. . മുൻപ് നാലാം വാർഡിൽ ലീഗ് വിമതനായി മത്സരിച്ച വി. ഹാരിസ് യു.ഡി.എഫ്. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യം മുന്നിൽ നിൽക്കെ, തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ ലീഗിന് മാത്രമല്ല കോൺഗ്രസിനും നഗരസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
Muslim League dispute creates headache for UDF in Panoor Municipality; Fears it may affect election work









































