പന്ന്യന്നൂർ: (www.panoornews.in)തലശേരിയിലെ പ്രമുഖ അഭിഭാഷകനായ പന്ന്യന്നൂർ സ്വദേശി അഡ്വ. ബിജേഷ് ചന്ദ്രന് അഭിഭാഷക സമൂഹത്തിന്റെയും, സുഹൃത്തുക്കളുടെയും, നാട്ടുകാരുടെയും യാത്രാമൊഴി. നിയമരംഗത്തും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ബിജേഷിന്റെ വേർപാട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.
തലശേരി, മാഹി കോടതികളിലെ കേസുകളിൽ ഹാജരായ ശേഷം കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാൻഡ് പ്രദേശത്തെ ഒരു മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയപ്പോഴാണ് ബിജേഷ് ചന്ദ്രൻ കുഴഞ്ഞു വീണത്. തുടർന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ബുധനാഴ്ച പുലർച്ചെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
പന്ന്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്’ സ്ഥാപക പ്രസിഡണ്ടായിരുന്ന അദ്ദേഹം കലാ-കായിക-സാംസ്കാരിക മേഖലകളിലും സജീവ പങ്കാളിയായിരുന്നു. സമൂഹവുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹത്തിന്റെ സൗഹൃദസ്വഭാവവും സേവന മനോഭാവവും അനുസ്മരണങ്ങളിൽ നിറഞ്ഞുനിന്നു.
പന്ന്യന്നൂരിലെ നിറം സാംസ്കാരിക കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു. തലശേരി കോടതി പരിസരത്തും മൃതദേഹം പൊതു ദർശനത്തിന് വച്ചിരുന്നു. കണ്ണീരോടെയായിരുന്നു എല്ലാവരും പ്രിയപ്പെട്ട അഭിഭാഷകനെ അവസാനമായി കാണാൻ എത്തിയതും വിടപറഞ്ഞതും.


പരേതനായ വി.പി. ചന്ദ്രന്റെയും വി.വി. ജാനകിയുടെയും മകനാണ് ബിജേഷ് ചന്ദ്രൻ. ഭാര്യ സജിന. മകൻ ആദിത്യ ബിജേഷ്. സഹോദരൻ ജിതേഷ് ചന്ദ്രൻ.
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Advocate Bijesh Chandran bids farewell to the family; Funeral to be held tonight at 9pm at his home in Pannyannur



































.jpeg)








