കണ്ണൂർ: (www.panoornews.in)കണ്ണൂർ ചെറുകുന്നിൽ ബി.ജെ.പി. നേതാവിന്റെ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി. നേതാവ്. അക്രമം തുടർന്നാൽ സി.പി.എം. നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിയുമെന്നും "കണ്ണിൽനിന്നല്ല, നെഞ്ചിൽനിന്ന് കണ്ണീർ വീഴ്ത്തുമെന്നും" ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി പ്രസംഗിച്ചു.
ചെറുകുന്നിൽ ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം സെക്രട്ടറി വിനു വിജു നാരായണന്റെ വീടിനുനേരെ ബോംബേറുണ്ടായ സംഭവത്തിൽ, കണ്ണപുരം റെയിൽവേ സ്റ്റേഷന് മുൻപിൽ ഇന്ന് രാവിലെ നടന്ന പ്രതിഷേധ യോഗത്തിലാണ് പ്രകോപനപരമായ പ്രസംഗം. സി.പി.എം. ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ തങ്ങൾക്ക് അറിയാമെന്നും, ഓരോരുത്തരുടെയും വീട്ടിൽ പോകാൻ തങ്ങൾക്ക് സാധിക്കുമെന്നും അർജുൻ മാവിലക്കണ്ടി പറഞ്ഞു.
നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു, എവിടെയെല്ലാം പോകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്കറിയാമെന്നും ഭീഷണി മുഴക്കി. "ഞങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല, നിങ്ങളുടെ നെഞ്ചത്ത് നിന്ന് കണ്ണീര് ഏൽപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും." പൊലീസുദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം, പൊലീസ് കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ നിയമം തങ്ങൾ കയ്യിലെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. നിയമം നടപ്പാക്കാൻ തങ്ങൾക്ക് സ്വന്തമായി കോടതി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി. നേതാവിന്റെ വീടിന് നേർക്കുണ്ടായ ആക്രമണം സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. സി.പി.എം. ഈ ആരോപണം തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ബി.ജെ.പി. പ്രകോപനപരമായ പ്രസംഗവുമായി രംഗത്തെത്തിയത്. അതേസമയം, വിനു വിജു നാരായണന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും, ബി.ജെ.പി. നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഇതുവരെ കേസുകളോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല.
'CPM leaders will shed tears, we know where their children study'; BJP leader makes threatening speech in Kannur











































.jpeg)