(www.panoornews.in)റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 294(b), 354, 354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.


സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
രണ്ടാഴ്ച മുന്‍പ് വേടനെതിരെയുള്ള പരാതിയുമായി രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. പിന്നാലെ ആ സംഭവങ്ങള്‍ നടന്ന അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു. ഈ പരാതികളിലൊന്നിലാണ് വേടനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 21നാണ് എഫ്ഐആര്‍ ഇട്ടത്. കേസില്‍ അന്വേഷണം തുടരുകയാണ്.
സംഗീത ഗവേഷകയാണ് പരാതിക്കാരി. ഗവേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരി വേടനെ ബന്ധപ്പെട്ടുവെന്നും 2020 ഡിസംബര്‍ 20ന് കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് ഈ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്. അപമാനിക്കാന്‍ ശ്രമിച്ച സ്ഥലത്തു നിന്നും ഈ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
നിലവില്‍ പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരിപ്പോള്‍ കേരളത്തിന് പുറത്താണ് ഉള്ളത്. മൊഴി എടുക്കാനായി ഇവര്‍ക്ക് സൌകര്യപ്രദമായ തീയതിയോ സ്ഥലമോ അറിയിക്കണമെന്ന് സെന്‍ട്രല്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ കേസ്.
Rapper Vedan in legal trouble again; Case filed on complaint of research student
