(www.panoornews.in)കണ്ണൂർ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവും പിഴയും. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവർക്കുമെതിരെയാണ് 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷ വിധി.
വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46 ആം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്.പയ്യന്നൂർ നഗരസഭയിൽ 46 ആം വാർഡിൽ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി കെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാണ് ശിക്ഷാവിധി തടസമാകും.
പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്തിന്റെതാണ് ശിക്ഷാവിധി
CPM activists sentenced to 20 years in prison for attempting to kill police by throwing bombs; one of the accused is a CPM candidate in Payyannur Municipality.
































