(www.panoornews.in)തേനീച്ച ആക്രമണത്തില്‍നിന്ന് യുവതിയെ രക്ഷിക്കുന്നതിനിടെ സ്ഥാനാര്‍ഥിക്ക് തേനീച്ചക്കുത്തേറ്റു. കോട്ടയം പഞ്ചായത്ത് ഒന്നാംവാര്‍ഡ് മൗവ്വേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.അബ്ദുള്‍ അസീസിനാണ് പായ് തേനീച്ചക്കുത്തേറ്റത്.
ബുധനാഴ്ച രാവിലെ ശിവപുരം മെട്ടയിലായിരുന്നു സംഭവം. കണ്ടംകുന്നിലുള്ള വ്യാപാരസ്ഥാപനത്തില്‍ ജോലിക്ക് പോകുകയായിരുന്ന ബുഷ്‌റയെ(38)യാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഓട്ടോറിക്ഷാഡ്രൈവറായ അബ്ദുള്‍ അസീസ് സ്‌കൂള്‍ കുട്ടികളുമായി പോകുമ്പോഴാണ് ബുഷ്‌റയെ തേനീച്ച പൊതിഞ്ഞിരിക്കുന്നതായി കണ്ടത്. സമീപത്തെ വീടുകളും കടകളുമെല്ലാം തേനീച്ചക്കൂട് ഇളകിയതറിഞ്ഞ് അടച്ചിട്ടിരിക്കുകയായിരുന്നു.
തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ഷാളെടുത്ത് മൂടി അബ്ദുള്‍ അസീസ് തേനീച്ചയില്‍നിന്ന് ബുഷ്‌റയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ തേനീച്ചകള്‍ അബ്ദുള്‍ അസീസിനെ കുത്താന്‍ തുടങ്ങിയതോടെ അദ്ദേഹം ഓടിരക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ബുഷ്‌റ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. മേലാസകലം കുത്തേറ്റ അബ്ദുല്‍ അസീസും ചികിത്സ തേടി. സമീപത്തെ നിരവധി പേര്‍ക്ക് തേനീച്ചക്കുത്തേറ്റിട്ടുണ്ട്.
Candidate stung while saving a young woman from a bee attack.
































