വടകര: (www.panoornews.in)വടകരയിൽ ബിജെപിക്കുള്ളിൽ കടുത്ത വിഭാഗീയത പൊട്ടിപ്പുറപ്പെട്ടു. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്കെതിരെ പ്രവർത്തകർ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം നടത്തി. ‘പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധത്തിൽ പ്രഫുൽ കൃഷ്ണയുടെ കോലം കത്തിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയം ചുറ്റിപ്പറ്റിയാണ് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ശക്തമായത്. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ അസന്തുഷ്ടരായ ഒരു വിഭാഗം തുറന്നുപറഞ്ഞ് രംഗത്തെത്തുകയും പാർട്ടിക്കെതിരെ തന്നെ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു.


വടകരയിൽ നിന്ന് ശ്യാംരാജ് കുറ്റ്വാടി, നാദാപുരത്ത് നിന്ന് കെ. പത്മകുമാർ എന്നിവർ നേതൃത്വത്തിനെതിരെ പത്രിക സമർപ്പിച്ചതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ഇവർക്ക് പിന്തുണയുമായി നിരവധി പ്രവർത്തകരും രംഗത്തെത്തി.
സംഭവം വിവാദമായതിനെ തുടർന്ന് ശ്യാംരാജിനെയും പത്മകുമാറിനെയും പിന്തുണച്ച പ്രവർത്തകരെയും ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കി. ഇതോടെയാണ് പ്രവർത്തകർ കൂടുതൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നേതൃത്വം തങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നുവെന്നും അഴിമതി ആരോപണം നേരിടുന്നവർക്കാണ് സ്ഥാനാർത്ഥിത്വം നൽകിയതെന്നും പ്രവർത്തകർ ആരോപിച്ചു. പാർട്ടിക്കുള്ളിലെ ഈ സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് സൂചന.
Fight breaks out in Vadakara BJP camp; activists burn effigy on the street against the district president.













































